1 Chronicles 14

ദാവീദിന്റെ വീടും കുടുംബവും

1സോർരാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്കു സന്ദേശവാഹകരെ അയച്ചു. അവരോടൊപ്പം ദാവീദുരാജാവിന് ഒരു കൊട്ടാരം പണിയുന്നതിനുവേണ്ടിയുള്ള ദേവദാരുത്തടികളും കൽപ്പണിക്കാരെയും മരപ്പണിക്കാരെയും അയച്ചുകൊടുക്കുകയും ചെയ്തു. 2തന്നെ ഇസ്രായേലിനു രാജാവായി യഹോവ സ്ഥിരപ്പെടുത്തിയെന്നും സ്വന്തജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വത്തെ ഏറ്റവും ഉൽക്കൃഷ്ടമാക്കിയിരിക്കുന്നു എന്നും ദാവീദ് മനസ്സിലാക്കി.

3ജെറുശലേമിൽവെച്ച് ദാവീദ് കൂടുതൽ ഭാര്യമാരെ സ്വീകരിച്ചു. അദ്ദേഹത്തിനു കൂടുതൽ പുത്രന്മാരും പുത്രിമാരും ജനിച്ചു. 4അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കളുടെ പേരുകൾ ഇവയാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ, 5യിബ്ഹാർ, എലീശൂവ, എൽഫെലെത്ത്, 6നോഗഹ്, നേഫെഗ്, യാഫിയ, 7എലീശാമ, ബെല്യാദാ,
എല്യാദാ, ബെല്യാദാ എന്നതിന്റെ മറ്റൊരുരൂപം.
എലീഫേലെത്ത്.

ദാവീദ് ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു

8സമസ്തഇസ്രായേലിനും രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് അവരെ നേരിടാൻ പുറപ്പെട്ടു. 9ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ അണിനിരന്നു. 10അതിനാൽ ദാവീദ് ദൈവത്തോട് ചോദിച്ചു: “ഞാൻ ചെന്ന് ആ ഫെലിസ്ത്യരെ ആക്രമിക്കണമോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?”

യഹോവ ദാവീദിന് ഉത്തരമരുളി: “പോകുക, ഞാൻ അവരെ നിന്റെ കൈകളിൽ ഏൽപ്പിച്ചുതരും.”

11അതിനാൽ ദാവീദും സൈന്യവും ബാൽ-പെരാസീമിലേക്കു മുന്നേറി. അവിടെവെച്ച് അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “ദൈവം, എന്റെ കൈകൾമൂലം, വെള്ളച്ചാട്ടംപോലെ എന്റെ ശത്രുക്കളുടെനേരേ ഇരച്ചുകയറി അവരെ തകർത്തുകളഞ്ഞല്ലോ!” അതിനാൽ ആ സ്ഥലത്തിന് ബാൽ-പെരാസീം
ഇരച്ചുകയറുന്ന കർത്താവ് എന്നർഥം.
എന്നു പേരായി.
12ഫെലിസ്ത്യർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. അതുകൊണ്ട് ആ വിഗ്രഹങ്ങൾ തീയിലിട്ടു ചുട്ടുകളയാൻ ദാവീദ് ഉത്തരവിട്ടു.

13ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ താഴ്വരയിൽ അണിനിരന്നു. 14ദാവീദ് വീണ്ടും ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ ദൈവം ദാവീദിനോട്: “നിങ്ങൾ നേരേകയറി ചെല്ലരുത്; പിന്നെയോ, അവരെ ചുറ്റുംവളഞ്ഞ് ബാഖാവൃക്ഷങ്ങൾക്കുമുമ്പിൽവെച്ച് ആക്രമിക്കുക. 15ബാഖാവൃക്ഷങ്ങൾക്കുമുകളിൽ സൈനികനീക്കത്തിന്റെ ശബ്ദം കേട്ടാലുടൻ യുദ്ധത്തിനു പുറപ്പെടുക; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ ദൈവം നിങ്ങൾക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നാണ് ആ ശബ്ദത്തിന്റെ അർഥം” എന്ന് അരുളിച്ചെയ്തു. 16അങ്ങനെ ദൈവം കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അവർ ഫെലിസ്ത്യസൈന്യത്തെ സംഹരിച്ചു.

17അങ്ങനെ ദാവീദിന്റെ കീർത്തി എല്ലാ നാടുകളിലും പരന്നു. സകലരാഷ്ട്രങ്ങളും ദാവീദിനെ ഭയപ്പെടാൻ യഹോവ ഇടയാക്കി.

Copyright information for MalMCV